Thursday, March 13, 2008

വെളിച്ചങ്ങളില്‍ നിന്ന് ~~













"എന്ത് ചെയ്യുന്നു? "

"ഞാന്‍ ഇവിടെ -----------"

"ഓഹോ !! സര്‍ക്കാര്‍ ജീവനക്കാരി ആണ് അല്ലെ ?"

"നാട് എവിടെയാ? "

പേരു വെളിപ്പെടുത്താന്‍ മടിയോന്നും തോന്നില്ലാ .... പക്ഷെ നാടിന്‍റെ പേരു കളവ് പറഞ്ഞു... കാരണം ആ നാടിന്‍റെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്.. ഒരു പക്ഷെ ആ നാട് അറിയപ്പെടുന്നത് ഞാന്‍ മൂലം ആയിരിക്കും ........


ലോകമേ ... നന്നിയുണ്ട്‌... എന്‍റെ പേരു വെളിപ്പെടുത്താതെയിരുന്നതിനു ...... എന്‍റെ ഫോട്ടോകള്‍ പരസ്യപെടുതത്തെ ഇരുന്നതിനു...കോടതി വരാന്തകള്‍ കയറി ഇറങ്ങിയിട്ടും ....... എന്നെ തിരിച്ചറിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാതെ ഇരുന്നതിനു...


"നഷ്ട്ടപ്പെട്ട തെളിവുകള്‍ " രെക്ഷപെടുത്തിയ എന്‍റെ ശത്രുക്കള്‍ ....വഴിമാറിപോയ നിയമങ്ങള്‍ അവരെ രെക്ഷിച്ചു ,"അവരുടെ ശാപം" ഏല്‍ക്കാതെ ഞാനും ,
നന്ദിയുണ്ട് നിയമ സംഹിതകളെ , ലോകത്തിന്റെ ഔദാര്യങ്ങള്‍ ഒരുപാട് .......
നഷ്ടപെട്ട ബാല്യവും കൌമാരവും .....

നന്ദിയുണ്ട് എന്നെ സ്വപ്നത്തില്‍ ചിരിപ്പിച്ച കാമുകനോട് .......

നന്ദിയുണ്ട് ..... എന്നെ പൂക്കളും ചിത്രശലഭങ്ങളും കാണിച്ചു കൈ പിടിച്ചു സ്കൂളിലേയ്ക്ക് അയച്ച അച്ഛനോട്.......

ചോറു വാരിയെറിഞ്ഞു കാക്ക കൂട്ടങ്ങളെ വരുത്തി എന്‍റെ വായില്‍ കുഞ്ഞുരുള .. വച്ചു തന്നിരുന്ന അമ്മയോട്...

പിച്ചവെയ്ക്കുമ്പോള്‍ അടി പതറാതെ കൂട്ടിപിടിച്ച വിരലുകളില്‍ ഭദ്രത തന്നവര്‍ക്കെല്ലാം ....
പെണ്കുഞ്ഞിനെ ബ്രൂണഹത്യ ചെയ്യാതെ ഭൂമിയില്‍ പിറക്കാന്‍ അവസരം തന്ന എന്റെ അച്ഛനമ്മമാരോട്

" ഇങ്ങിനെയൊക്കെ ആകുമോ ആ പെണ്‍കുട്ടി ചിന്തിക്കുക ?

വേണ്ടാ കുട്ടി , നീ ഒന്നും ഓര്‍മ്മിക്കരുത് ..... ഒരു പേടിസ്വപ്നം കണ്ട ലാഘവത്തോടെ.... മറന്നെക്കു,

ഒരു പെണ്കുഞ്ഞുള്ള ഞാനും ... അന്ന്‌ നിറുത്തി , പത്രം വായന , 37 പേരെ വെറുതെ വിട്ട ആ ദിവസം..
എന്‍റെ മനസിനെക്കാള്‍ വലിയ കോടതി എനിക്കില്ലാതെ ആയി... "






~%~~%~~~%~~~~%~~~~~~%~

Wednesday, March 5, 2008

ജീവിതങ്ങളുടെ ഉറവിടം~~~















മനസ്സു പറഞ്ഞു ഇതു ഗോപന് ഇഷ്ടമാവും...............
പത്രം വായനയില്‍ ആണ് മൂപ്പര്‍ ...... ഇതു ഇപ്പൊ കാണിക്കണോ?
വേണ്ടാ... ഇവിടെ അലസമായി ഇടാം.......... ഞാന്‍ കാണാതെ എടുത്തു വായിചോട്ടെ ....

പഠിക്കുന്ന കാലം മുതല്‍ ഉള്ള എന്‍റെ dairy കള്‍ സൂക്ഷിചിട്ടുണ്ട് ......... അതിലൊക്കെ ഗോപന്റെ ഓരോ കമന്റ് കള്‍ ഉണ്ട്

"എടി പൈങ്കിളി, പോട്ടിക്കാളി ഇതാണോ സാഹിത്യം ?!!"..... എന്നൊക്കെ..... !
എഴുതി നിറുത്തിയിരിക്കുന്ന വരികളുടെ സാഹചര്യത്തിനുഒത്തുള്ള അടിക്കുറിപ്പുകള്‍ വായിച്ചു മണിക്കൂറുകളോളം ഞാന്‍ ചിരിച്ചിട്ടുണ്ട്... ഗോപന്‍ എനിയ്ക്കയച്ച ഇപ്പോഴും മനസിലാക്കാന്‍ ആകാത്ത വരികള്‍ ഉള്ള കത്തുകള്‍ കൂടെ കൂടെ എടുത്തു വായിക്കാറുണ്ട്... വലിയ വലിയ കാര്യങ്ങളാ അതില്‍... എനിയ്ക്കുള്ള നിര്‍ദേശങ്ങള്‍.. ഉപദേശങ്ങള്‍...

"ആര്‍ യു എ ഫെമിനിസ്റ്റ്‌ ?'
പരിചയപ്പെട്ടയിടെ ഗോപന്‍ ചോദിച്ചു... ഭഗവാനെ .... കോളജിലെ ഫെമിനിസ്റ്റ്‌ ബുദ്ധിജീവി എന്നൊക്കെ പലരെ പറ്റിയും പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ എനിയ്ക്കതിനെ പറ്റി അത്ര വിവരം ഒന്നും ഇല്ലായിരുന്നു .
എന്‍റെ സുഹൃത്ത്‌ ജെന്നി ഒരു ഫെമിനിസ്റ്റ്‌ ആയിരുന്നു.. മാലയും കമ്മലും... ഒന്നും ഇടാത്ത.. ആ കറുത്ത സുന്ദരിയുടെ കണ്ണുകള്‍ കാണാന്‍ നല്ല ഭംഗി ആയിരുന്നു....
അവളും ഗോപനും തമ്മിലുള്ള തര്‍ക്കത്തിന് പലപ്പോഴും ഞാന്‍ സാക്ഷി ആയിട്ടുണ്ട്‌... " വിര്‍ജീനിയ വുള്‍ഫ് " എന്നൊക്കെ യുള്ള പേരുകള്‍ ഉച്ചരിച്ചു കേള്‍ക്കാറുണ്ട്... അവര്‍ ബദ്ധ ശത്രുക്കള്‍ ആയിരുന്നോ... എന്ന് തോന്നിപ്പിക്കാറുള്ള ചര്‍ച്ചകള്‍ ...



"കപടമായ morality -യെ നിങ്ങള്‍ എന്തിനു ഭയക്കുന്നു സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുകയല്ല .... സ്വയം സ്വതന്ത്രര്‍ ആണ് എന്ന് പ്രഖ്യാപിക്കു.... സധൈര്യം ഞങ്ങള്‍ ആണുങ്ങളെ പോലെ .. രാത്രിയില്‍ പോലും ഇറങ്ങി നടക്കു.... "

ഗോപനെ ഞാന്‍ പ്രേമിക്കുന്നു എന്നറിഞ്ഞു അവള്‍ എന്നെ പുച്ഛിച്ചു ചിരിച്ചു.....

" നിന്‍റെ ജീവിതം അമ്മിയുന്തി, അമ്മിയുന്തി , അവസാനിക്കും ... "

അവളുടെ മലബാറി ഭാഷ എനിയ്ക്കു വലിയ ഇഷ്ടമായിരുന്നു....
"വേണ്ട ഡി.... ഞാന്‍ മിക്സി വാങ്ങിക്കോളാം.... "

"മിക്സി നിന്‍റെ അച്ഛന്‍ വന്നു കഴികി തരോ? നീ തന്നെ കഴുകണ്ടേ? " അവള്‍ വിട്ടുതരില്ല.

"ഇല്ലല്ലോ... ഞാന്‍ വേലക്കാരിയെ നിറുത്തും...... "

അങ്ങിനെ പോകുന്നു ഞങ്ങളുടെ സംസാരം...

അവള്‍ക്കെന്നോട് വലിയ വാല്‍സല്യം ആയിരുന്നു..
"എന്റെ മൃദു .... നീ ഇത്ര ലോലഹൃദയ ആയാലോ? ..... ഒളോട് ഒന്നും മിണ്ടിക്കുട... അപ്പൊ കരയും"


"പോസ്റ്റ് മോഡേണ്‍ ഫാസിസ്റ്റ്‌ " ചുരുക്കി... "പി . എഫ്. " എന്നായിരുന്നു ഗോപനെ ജെന്നി വിളിച്ചിരുന്നത്‌...

കോളേജ് മാഗസിനില്‍ ഗോപന്‍റെ ലേഖനം ....... വിഷയം "സിനിമയിലെ സ്ത്രീകള്‍ "

ജെന്നിയുടെ കമന്റ് : " നീ രക്ഷ പെട്ടെടി... മോളെ... എന്താ റൈറ്റ് അപ് ....... സ്ത്രീകളെ പറ്റിയുള്ള അയാളുടെ കാഴ്ചപ്പാട് എത്ര മനോഹരം , നിന്നെ അയാള്‍ പളുങ്ക് പോലെ കൊണ്ടു നടക്കും... ഹ ഹ ഹാ ......... "
ജെന്നിയോടൊപ്പം ഉള്ള കോളേജിലെ വൈകുന്നേരങ്ങള്‍ , ഗോപന് വേണ്ടി മാറ്റി വയ്ക്കപെട്ടു . രൂക്ഷമായ മദ്യ ഗന്ടത്തോടെയുള്ള ..വൈകുന്നേരങ്ങള്‍ , സുഹൃത്ത് സമ്മേളനങ്ങള്‍, വിവാഹം, ജീവിതം... എല്ലാം മറന്നു പകച്ചു നിന്നുപോയി , കുറെക്കാലം ...

കാലം........ അതു ഇത്ര വേഗത ഏറിയത്ആണ് എന്നുള്ള തിരിച്ചറിവ് , ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നപ്പോഴെയ്ക്കും , ലോകത്ത്‌ വന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ലോകം....... അതു ഒരു ഒത്തു തീര്‍പ്പില്‍ പോകുന്നു ആര്‍ക്കും ഒന്നും സംസാരിക്കാന്‍ ഇല്ലാ..... എല്ലാവരും ഓടുന്നു..... എന്തിന്റെയോക്കയോ പിന്നാലെ...

" ഹോ ഹോ..ഹോ.... .. വീണ്ടും കിറുക്ക് തുടങ്ങിയോ? "

ഗോപന്റെ ഉച്ചത്തില്‍ ഉള്ള.. സംസാരം കേട്ടു ഉമ്മറതെയ്ക്ക് ചെന്നു.. കയ്യില്‍ എന്റെ നോട്ട് ബുക്ക്....
"ഉം... മോശമില്ല... മുഴുവന്‍ആക്കിക്കോ.. നന്നാവും.. സ്വല്പം കൂടി ഭാഷ നന്നാവാന്‍ ഉണ്ട്.. ഭാഷ നന്നാവണം എങ്കിലേ.... വല്ലതും രണ്ടു അക്ഷരം വായിക്കണം.. അറ്റ്ലീസ്റ്റ് ന്യൂസ് പേപ്പര്‍ എങ്കിലും .... ഇവിടെ എത്രയോ ബുക്കുകള്‍ ഇരിപ്പുണ്ട്.. എതെന്കിലും ഒന്ന് നീ കൈ കൊണ്ട് തോട്ടു നോക്കിയിട്ടുണ്ടോ ?"

പ്രീതീക്ഷിച്ച പ്രതികരണം......... പതിവുള്ളവ, എങ്കിലും മറുപടി പറയാതിരിക്കാന്‍ തോന്നിയില്ല....... "അപ്പൊ വൈക്കം മുഹമ്മദ് ബഷീര്‍ ഉം സഞ്ജയനും ഒക്കെ ശുദ്ധവും സംസ്കരിച്ചതും ആയ ഭാഷയില്‍ ആണോ എഴുതിയിരുന്നത്....?? "
" എടി കഴുതേ അവര്‍ക്കൊക്കെ തീഷ്ണമായ ജീവിതാനുഭവങ്ങള്‍ ഉണ്ടായിരുന്നു..... ഒരുപാട് യാത്രകള്‍ ചെയ്തു, ഒരുപാട് അനുഭവങ്ങള്‍ കടന്നു വന്നവര്‍, രാഷ്ട്രീയ ബോധമുള്ളവര്‍ , സമൂഹത്തോട് ഉത്തരവാധിത്വമുള്ളവര്‍ ...."
മനസ്സിടിഞ്ഞു........... കണ്ണുനീര് പൊടിഞ്ഞു......

"ഉം ഉം.... നീ പോയി ഒരു ഗ്ലാസ് കട്ടന്‍ ചായ ഇട്ടുതാ.......വയറു നല്ല ശരിയല്ല "

സങ്കടം അടുക്കളയില്‍ എത്തിയപ്പോള്‍ അണപൊട്ടി .. സങ്കടം ആയിട്ടല്ല, ദേഷ്യം ആയി........ മുറു മുറുപ്പുകള്‍ അപ്പുറത്ത് കേട്ടുവോ എന്തോ?

"എടി നിനക്കൊക്കെ ഇതേ പറഞ്ഞിട്ടുള്ളൂ..... തനി ഭാര്യയുടെ പണി ...... അതെങ്കിലും മര്യാദയ്ക്ക് ചെയ്യ്..."

" ഉം പോട്ടെ ,പോട്ടെ.. "

എന്റെ ക്രുദ്ധ ഭാവം........ അതിന്റെ അടുത്ത ഘട്ടം സ്വയംപീഡ ആയിരിക്കും എന്ന് മൂപ്പര്‍ക്കറിയാം.....

" ഉം പോട്ടെ ,പോട്ടെ.. നീ ഇങ്ങു വാ..... നീ എന്റെ പോന്നുമോളല്ലേ ..... നിനക്ക് വേണ്ടിയല്ലേ ഞാന്‍ ഇങ്ങനെ കഷ്ടപെടുന്നത്......"

ചുംബനങ്ങള്‍ക്ക് തലേദിവസത്തെ മദ്യത്തിന്റെ വാട ആയിരുന്നു .... വര്‍ഷമിത്ര കഴിഞ്ഞിട്ടും ഒട്ടും ഇഷ്ടപെടാന്‍ആവാത്ത ആ ഗന്ധം..... വെറുപ്പോടെ തള്ളി മാറ്റി പുലമ്പി....

"ഞാന്‍ വെറും വേലക്കാരി.... " എന്‍റെ ഗദ്ഗധം...

"വേലക്കാരി ആണെങ്കിലും നീ എന്‍ മോഹവല്ലി.........."

ജഗതി ശ്രീകുമാര്‍ സ്റ്റയിലില്‍.. ഗോപന്റെ മറുപടി........ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി....... എന്റെ മനസിന്റെ കനല്‍ കെട്ടു.....






* courtesy to T K Padmini ( painting )

~*~*~*~*~*~*~*~*~*~*~*~*~*~*~*~*~








Monday, March 3, 2008

വെപ്രാളങ്ങള്‍..............
















"തരാമോ?................." അത്രമാത്രം കേട്ടു.... അതോ വരാമോ എന്നോ...?

സത്യത്തില്‍ ഞാന്‍ അത് വ്യക്തമായി കേട്ടില്ല .....

എന്ത് തന്നെ ആയാലും... അനാവശ്യം ആണ് അയാള്‍ പറഞ്ഞതു...


ഇല്ലാ ......... ഞാന്‍ അത് കേട്ടില്ലാ.....അങ്ങിനെ ഭാവിച്ചാല്‍ പറഞ്ഞ സുഖം അയാള്‍ക്ക് ലഭിക്കില്ല ...എന്ന് കരുതി ആലോചന നിമഗ്ന എന്ന പോലെ ഞാന്‍ നടന്നു......

ഒട്ടും പ്രതീക്ഷിക്കാതെ... പുറകില്‍ വളരെ അകലെയെന്നോണം ......തൊട്ടു ...... വീണ്ടും സ്വകാര്യം... "ആയിരം രൂപ തരാം...."

ഇപ്പൊ വ്യക്തമായി കേട്ടു..... ഒരു സെക്കന്റ് ഞാന്‍ നിന്നു പോയോ?

എന്നെ കടന്നു പോയ അവന്‍ ആള്‍ത്തിരക്കുള്ള ബസ്സ് സ്റ്റോപ്പില്‍ ഒരു കൂസലും ഇല്ലാതെ നില്ക്കുന്നു... സഹിച്ചില്ല എന്റെ കണ്ണുകള്‍ പോലീസ് നെ തിരഞ്ഞു...... കണ്ടില്ല...

അവന്റെ തൊട്ടു മുന്നില്‍ ചെന്നു നിന്നു...... എന്റെ തീഷ്ണമായ നോട്ടങ്ങള്‍ അയാളെ ഭയപ്പെടുത്തി........ ഞാന്‍ വിട്ടില്ല ... മനസ്സില്‍ നിറഞ്ഞ അറപ്പും വെറുപ്പും .....ഉമിനീരായി വന്നു നിറഞ്ഞു... വായ കയിച്ചു... ഞാന്‍ ആളെ കൂട്ടുമെന്ന് പേടിച്ചു ആവാം അയാള്‍ ഓടി ബസ്സില്‍ കയറി...

എന്നെ നോക്കി അയാള്‍ എന്തിനിങ്ങനെ പറഞ്ഞു....!! ..?

കൈ ഇറക്കം ഉള്ളതും കോളര്‍ ഉള്ളതുമായ ചുരിധാര്‍ .... മൂടിപുതച്ച ഷാള്‍ .. വളരെ ലളിതമായി ഒതുക്കി കെട്ടിയ മുടി... ഒരു കുഞ്ഞു പൊട്ടു...ഗൌരവം തോന്നാന്‍ ഒരു കണ്ണട..... എന്നെ കണ്ടാല്‍ അങ്ങിനെ പറയാന്‍ തോന്നുമോ !.?

എനിയ്ക്കു തീരെ നടക്കാന്‍ തോന്നുന്നില്ല....

ച്ചേ .......... കരണം പൊളിക്കുന്ന ഒരു അടി കൊടുക്കാമായിരുന്നു......

ആള്‍ക്കാരോട് ഉറക്കെ വിളിച്ചു പറയാം ആയിരുന്നു...

പല്ലിരുമ്മി പറഞ്ഞു ......... ശബ്ദം പുറത്തേയ്ക്ക് വന്നു പോയോ?? ആരൊക്കയോ ശ്രദ്ധിക്കുന്നു... ഓടുകയായിരുന്നു.... പിന്നെ...... എതിരെ കൂറ്റന്‍ ബാഗുമായി വന്ന ഒരാളെ ചെന്നിടിച്ചു.... ബാഗു ഇടിച്ചു ഞാന്‍ വീഴുമായിരുന്നു....

എനിയ്ക്കു വഴി തെറ്റുമോ??

ഈ വണ്ടികള്‍ക്കിടയിലൂടെ ഞാന്‍ എങ്ങിനെ അപ്പുറം കടക്കും....? എനിയ്ക്കു പറ്റുമെന്ന് തോന്നുന്നില്ലാ...

പാഞ്ഞു പോകുന്ന വണ്ടികള്‍.. മനുഷ്യര്‍..... കണ്ണില്‍ ഇരുട്ടു.... നിറയുന്നു........

ഭാഗ്യം.. !! ഒരു ഓട്ടോറിക്ഷ മുന്നിൽ ..!!

ഓഫീസില്‍ എത്തി ബാഗു വച്ചു... ഓടി ...സ്റ്റാഫ്‌ റൂമിലേയ്ക്ക്.... കണ്ണാടി നോക്കി... എന്തെന്കിലും കുഴപ്പം..!!     ~~~~~~~~~~~~~~~~~~~