Sunday, March 1, 2009

~~ഇന്‍ ഡോര്‍ ~~



ഞ്ചാബി ഹൌസ് എന്ന സിനിമയിലെ എത്ര കണ്ടിട്ടും മതി വരാത്ത തമാശ സീന്‍ കണ്ടു ഞാനും അമ്മയും ആര്‍ത്തു ചിരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാളിംഗ് ബെല്‍ ....

റിമോട്ടില്‍ എന്‍റെ വിരല്‍ അമര്‍ന്നു .. ടിവി ഓഫ് ആക്കി അടക്കം പറഞ്ഞു കൊണ്ട് അമ്മ

" ഓടിക്കോ"

ഞാന്‍ ഓടി ബെഡ് റൂമില്‍ കയറി എന്ന് ഉറപ്പു വരുത്തിയിട്ടേ അമ്മ ഡോര്‍ തുറന്നുള്ളൂ....

ഞാന്‍ കട്ടിലില്‍ മൂടിപുതച്ചു കിടന്നു... ടി വി ഓഫ്ആക്കലും ... ഓടലും... ബെഡ് റൂമിലെ ഫാന്‍ ഇടലും....മൂടി പുതക്കലും... എല്ലാം.... സെക്കന്റ്ഉകള്‍ക്കുള്ളില്‍ കഴിഞ്ഞു... പതിവുള്ളവ ,എങ്കിലും.. കയ്യും കാലും വിറച്ചു...

അമ്മ ഡോര്‍ തുറക്കുന്നതും അടക്കുന്നതുമായ ഒച്ചകള്‍ കേട്ടു.........പിറകെ മുഴങ്ങുന്ന " ആ " ഒച്ചയും... മുരളലും അലര്‍ച്ചയും ... അമ്മ ബെഡ് റൂമിലേയ്ക്ക് വന്നു ... എന്നെ പൊത്തി പിടിച്ചു കിടന്നു...

അമ്മയുടെ തണുത്ത കൈ വിറയ്ക്കുന്നുണ്ടായിരുന്നു.....

തൊട്ടു പിറകെ 'അത് ' വന്നു ...... ലൈറ്റ് ഇട്ടു .... കുറെ ശബ്ദങ്ങള്‍ .... അലര്‍ച്ചകള്‍ ...

" ഇവിടെ ചോറൊന്നും ഇല്ലേ ? ... വന്നു ചോറെടുത്ത് താ..."

അമ്മ
അനങ്ങിയില്ല... എന്നെ കൂടുതല്‍ ഇറുക്കി പിടിച്ചു കിടന്നു...

മുറിയിലെ എല്ലാ ലൈറ്റും ,ഫാനും ഓണ്‍ ആക്കി ഇട്ടുവച്ചു... വാതില്‍ മലര്‍ക്കെ തുറന്നിട്ടു 'അത്' പോയി....


ടിവി യുടെ സൌണ്ട്.... , അടുക്കളയില്‍ പാത്രങ്ങളുടെ കലപില...., വീണ്ടും 'അത്' മുറിയിലേക്ക് വന്നു....

"തണുത്തു ഐസ് പോലെ ആയ ചോറ് ...അവള്‍ടെ മറ്റവന് കൊടുത്ത എച്ചില്‍... "

അമ്മ അനങ്ങിയില്ല... പുതപ്പിനുള്ളില്‍ ...... ഞങ്ങള്‍ രണ്ടാളും എന്തോ ഒരു സുരക്ഷിതത്വം അനുഭവിച്ചു...

വീണ്ടും അടുക്കളയില്‍ നിന്നുമുള്ള ശബ്ദങ്ങള്‍ .... അത് ടിവി യുടെതിനെക്കാള്‍ ഉച്ചത്തില്‍ ആയിരുന്നു.... എന്തൊക്കയോ താഴെ വിഴുന്നുണ്ട് ... കുക്കറില്‍ നിന്നും ചോറ് എടുക്കുന്ന ശബ്ദം...,

ടിവി ചാനലുകള്‍ മാറിതുടങ്ങി .... പാട്ടിന്റെയും വാര്‍ത്ത ചാനലിന്റെയും...എല്ലാം ഇട കലര്‍ന്ന ശബ്ദങ്ങള്‍...

എന്തോ വീണുഉടയുന്നു ....

" അയ്യോ അമ്മേ..... ഫോണ്‍ എറിഞ്ഞു എന്ന് തോന്നണു.... "


"ഹേയ്യ് ...അല്ലാ ...അത് റിമോട്ടാ..... "അമ്മ പറഞ്ഞു.....




കുറച്ചു നേരം ടിവി യുടെ സൌണ്ട് മാത്രം . അമ്മ മെല്ലെ എണീറ്റു .....ഞാന്‍ അമ്മയെ പിടിച്ചു വച്ചു.... അടക്കം പറച്ചിലുകള്‍:

"ഇപ്പൊ പോവണ്ട അമ്മേ ..... "

"ഞാന്‍ ഇപ്പൊ വരം..... മോളുന്റെ മരുന്ന് കഴിക്കണ്ടേ ? അടുക്കളയില്‍ ഫ്രിഡ്ജിന്റെ മോളിലാ..."
അമ്മ ഒച്ചയുണ്ടാക്കാതെ പൂച്ചക്കാലില്‍ നടന്നു...

"അയ്യോ...." എന്ന് പറഞ്ഞു ഓടി തിരിച്ചു വന്നു ... വീണ്ടും പുതപ്പിനുള്ളില്‍ കയറി ... കിടുകിടെ വിറയ്ക്കുന്നുണ്ടായിരുന്നു ... ശ്വാസം മുട്ടുന്ന കുറുങ്ങുന്ന ശബ്ദം തൊണ്ടയില്‍ നിന്നും ....

"എന്താ അമ്മേ ? എന്താ ? "

" ഒന്നൂല്ല ..."

"പറാ അമ്മേ ...... എന്താ ഉണ്ടായേ? "

"ഒന്നുല്ല ... മോളു... ഞാന്‍ ചെലുമ്പോ അതവിടെ നില്‍ക്കുന്നു... പെട്ടെന്ന് കണ്ടപ്പോ ഞെട്ടി പോയി .... "

ഞങ്ങള്‍ രണ്ടാളും മുറുക്കെ പൊത്തി പിടിച്ചു കിടന്നു ....

എല്ലാം നിശബ്ദം ..ടിവി യുടെ സൌണ്ട് മാത്രം ....

അമ്മ വീണ്ടും എണിറ്റു

" വേണ്ടാ അമ്മെ ..അമ്മ ഇനി പോവല്ലേ.. "

"പാലെടുത്തു ഫ്രിഡ്ജില്‍ വച്ചില്ല ... നാളെയ്ക്കു ചീത്തയായി പോവും ..."

ടിവി യിലേയ്ക്കു കണ്ണും നട്ടിരിക്കുന്ന "അത് " കാണാതെ അമ്മ അടുക്കളയില്‍ കടന്നു .......

വീണ്ടും
ഓടി തിരിച്ചു വന്നു
എന്റെ ഹോമിയോ ഗുളികകള്‍ കയ്യില്‍.......
എന്നെ അത് കഴിപ്പിച്ചു എല്ലാം ശബ്ദം ഇല്ലാതെ .

ഞങ്ങള്‍ വീണ്ടും കാതോര്‍ത്തു കിടന്നു ....

ബാത്ത് റൂമിന്റെ ഡോര്‍ വലിയ ശബ്ദത്തില്‍ തുറക്കുന്നതും അടയ്ക്കുന്നതുമായ ബഹളങ്ങള്‍ ....

ക്രമേണ ......................

ചാനലുകളുടെ ... കലപില ശബ്ദങ്ങള്‍ നിലച്ചു ,ഏതോ ചാനലില്‍ നിന്നുമുള്ള... ഒരു മൂളല്‍ മാത്രമായി..........

അമ്മ പുതപ്പു നീക്കി ....

" ഹോ ! ഉറങ്ങി തോന്നണു .........."

ശബ്ദം ഉണ്ടാക്കാതെ ..അതിനെ എഴുന്നെല്‍പ്പിക്കാതെ ... അമ്മ ടിവി യും ... ലൈറുകളും ഓഫാക്കി

എന്റെ അടുത്ത് വന്നു കിടന്നു .... ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു ....

" ഇന്നു നേരത്തെ കഴിഞ്ഞു..... "

എനിക്കുറക്കം വന്നില്ല ........ നാളെ തിങ്കളാഴ്ച ....... സ്കൂളില്‍ പോകുന്ന കാര്യം ഓര്‍ത്തപ്പോ വിഷമം തോന്നി...
അമ്മ ഉറങ്ങിയോ ... എന്നറിയാന്‍ ഞാന്‍ കണ്ണുകള്‍ തൊട്ടു നോക്കി....

അവിടെ നനവ് !!

ഒരു സെക്കന്റ് ......... എനിക്കത് രക്തമാണെന്ന് തോന്നി......... ഞാന്‍ ഞെട്ടി കൈവലിച്ചു....... ലൈറ്റ് ഇട്ടു നോക്കി........ വരണ്ടു തുടങ്ങിയ കണ്ണ് നീര്‍......



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~