Thursday, November 24, 2011

അസ്ഥി .........

പ്രേമിച്ചു നടന്നിരുന്ന കാലം... സമാന്തര സിനിമ , ക്ളാസ്സിക്കല്‍ സിനിമ, ലോകോത്തര സിനിമ , എന്നൊക്കെ പറയപ്പെടുന്ന സിനിമകളെ കുറിച്ചൊക്കെ കെട്ടും അറിഞ്ഞും തുടങ്ങിയ കാലം...... "കൊച്ചിന്‍ ഫിലിം സൊസൈറ്റി " യിലെ അംഗങ്ങളുടെ കാലു പിടിച്ചു മെംബെര്‍ഷിപ്‌ പാസ്‌ ഇല്ലാതെ തന്നെ സിനിമയ്ക്ക് കയറിയിരുന്ന കൂട്ടുകാരുടെ പിറകെ ഞാനും പോയിരുന്നു.

La strada , Bicycle thieves , Seven Samurais , എന്നിങ്ങനെ കുറെ സിനിമകള്‍ കണ്ടു..... Tarkovsky , Ritwik Ghatak, Istvan Szabo, എന്നീപേരുകള്‍ ഉച്ചരിക്കപ്പെടുന്ന ചര്‍ച്ചകള്‍ കേട്ട് ഭാവിയില്‍ സിനിമ ചെയ്യണം എന്ന് മനസ്സില്‍ ഉറപ്പിച്ചു .... സ്ത്രീ സംവിധായികകളെ പറ്റി അറിയാന്‍ ശ്രമിച്ചു , കുറച്ചു നാള്‍. .

അഞ്ചാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ആകണമെന്നും.... പത്താം ക്ളാസ്സില്‍ പഠിക്കുമ്പോല്‍ കളക്ടര്‍ ആകണമെന്നും പ്രീ ഡിഗ്രീ യ്ക്കു പഠിക്കുമ്പോള്‍..... മിഥുന്‍ ചക്രവര്‍ത്തിയുടെ കാമുകി ആകണം എന്നുമൊക്കെ ആഗ്രഹിച്ചിരുന്നു ...... അതുകൊണ്ട് ആഗ്രഹങ്ങളില്‍ ഒന്നും വലിയ അര്‍ത്ഥം കൊടുക്കാത്ത establishment നു എതിരായി പ്രവര്‍ത്തിക്കുന്ന 'റിബല്‍' ആവുക ... എന്നായിരുന്നു അന്നത്തെ ചിന്താ ഗതി... യാതൊരു അധ്വാനവും വേണ്ട....

സിനിമകള്‍ കാണുക എന്നതൊരു ഹരമായി മാറിയിരുന്നു .... ചെന്ന് എത്താവുന്ന ദൂരങ്ങളില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുവാന്‍ ശ്രമിച്ചിരുന്നു .......

ആയിടയ്ക്ക് ...... എന്റെ കൂട്ടുകാര്‍ ചേര്‍ന്നൊരു ഫിലിം ഷോ കോളേജ് auditorium - ത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു ...... ആകെ കിട്ടിയത് ഒരു ബംഗാളി സിനിമ ആയിരുന്നു ....... പേര് പറയുന്നില്ല . പത്തു ഇരുപതു കുട്ടികള്‍ കാണാന്‍ വന്നു ചെര്‍ന്നു .........

സിനിമ തുടങ്ങി ....... കൊല്‍ക്കത്ത യിലെ വലിയൊരു ജന്മി ഗൃഹം .... ' L ' ഷേപ്പ് ഉള്ള ആ വീടിനിറെ മുകളിലെ നിറയെ തൂണുകള്‍ ഉള്ള വരാന്ത ......... അതിലൂടെ വെളുത്ത ബംഗാളി വസ്ത്രം ധരിച്ച ഒരാള്‍ 'മെല്ലെ' നടക്കുന്നു ......... 'മെല്ലെ' എന്ന് വച്ചാല്‍ ..... വളരെ മെല്ലെ ........ ഈ നടപ്പ് നമ്മള്‍ തൂണിനു ഇടയിലൂടെ ഇടയ്ക്കിടെ കാണുന്നു .......ഒരറ്റത്ത് നിന്നും മറ്റൊരു അറ്റതേയ്ക്കും , തിരിച്ചും, അയാള്‍ നടക്കുന്നു ....., ചിലപ്പോള്‍ സൂം ചെയ്തു ആളെ അടുത്തും കാണിക്കുന്നുണ്ട് ട്ടോ ..... ഇത് കൂടാതെ തീകായാന്‍ എന്നപോലെ കൂട്ടി ഇട്ടിരിക്കുന്ന കത്തുന്ന വിറകുകളും ...... തീയും പുകയും.... അതെങ്കില്‍ അത് ... ഇടയ്ക്കൊന്നു കാണാല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു .

എനിയ്ക്ക് സങ്കടം വരുന്നുണ്ടായിരുന്നു .....ഇയാള്‍ കുറച്ചൂടെ വേഗം നടന്നിരുന്നെങ്കില്‍ എന്ന് പോലും ഞാന്‍ ആഗ്രഹിച്ചു പോയി ..... കാണികളില്‍ പലരും എണിറ്റു പോയി .... സിനിമ എങ്ങിനെ അവസാനിച്ചു എന്നൊന്നും എനിക്ക് ഇപ്പൊ ഓര്‍മ്മ കിട്ടുന്നില്ല ... ഓര്‍മ്മ കിട്ടിയാല്‍ തന്നെ മനസിലാകാത്ത ആ ഓര്‍മ്മയ്ക്ക്‌ വലിയ പ്രസക്തിയും ഇല്ല .......

സിനിമികഴിഞ്ഞു ....... ശേഷമുള്ള ചര്‍ച്ച..........താടി ഉഴിഞ്ഞു സിഗെരെട്റ്റ് വലിച്ചു ......... ഒരു പുക മറയിത്തിരുന്നു ഒരു കൂട്ടര്‍ സിനിമയിലെ കഥാ പാത്ര ത്തെക്കാള്‍ ഇഴഞ്ഞിഴഞ്ഞു സംസാരിക്കുന്നുണ്ടായിരുന്നു . അവരുടെ ഇടയിലെ ഒരു 'കുട്ടി ' ആയിരുന്ന എന്നോട് സിനിമ എങ്ങിനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു ......... ഞാനും പറഞ്ഞു 'കൊള്ളാം..... അതി ഗംഭീരം ' .....

പരിപാടി കഴിഞ്ഞു പിരിഞ്ഞപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനോട്‌ ........ ചോദിച്ചു .........

"അയാള്‍ എന്തിനാ അങ്ങിനെ നടന്നു കൊണ്ടിരുന്നത് ?????? "

" അതോ , അത് അസ്ഥിത്വ ദുഃഖം പേറുന്ന ജന്മി തലമുറയിലെ അവസാന കണ്ണിയുടെ അലക്ഷ്യത ...... "

"ഹോ ......ഭയങ്കരം .!!! " ...... ഞാന്‍ പറഞ്ഞു പോയി ......

ഒരു കഥ വരച്ച കഥ........

ഞാന്‍ ഓഫീസ് വിട്ടു വീട്ടില്‍ എത്തുമ്പോള്‍ , പറയാന്‍ കുറെ വിശേഷങ്ങള്‍ ഉണ്ടാവും അവള്‍ക്കു ......

"ഇന്ന് story writing competition ആയിരുന്നു " ........... topic എന്തായിരുന്നു എന്നോ ' കാണാന്‍ മറന്നത് ' ...

"എന്നിട്ടെന്തേ ഇന്നലെ പറയാഞ്ഞു ?"

"അത് അമ്മെ.... ഞാന്‍ മറന്നു പോയി ... ടീച്ചര്‍ പേരു കൊടുത്തവരെ വിളിച്ചപ്പോള്‍ ആണു ഞാന്‍ ഓര്‍ത്തത്‌

പിന്നെ ഞാന്‍ അമ്മയെ ഓര്‍ത്തു അങ്ങ് എഴുതി "

"എന്നെ ഓര്‍ത്തോ !!! ? എന്നെ ഓര്‍ത്തു നീ എന്തെഴുതാന്‍ ? "

എന്നും രാവിലെ എന്നെ ഉണര്‍ത്താതെ എന്റെ കൈ മാറ്റി തിരക്ക് പിടിച്ചു കിടക്കയില്‍നിന്നും ഇറങ്ങി ഓടുന്ന അമ്മയെ .... പാല് അടുപ്പില്‍ വച്ച് ... തിളച്ചു മറിയുന്നത് കണ്ടു ഞെട്ടി... വെപ്രാളത്തില്‍ കൈപോള്ളിക്കുന്ന അമ്മയെ ........ എടുക്കാന്‍ മറന്ന ലഞ്ച് ബോക്സ്‌ ഉമായി പിറകെ ഓടുന്ന അമ്മയെ ........ അടുത്തത് , തിരച്ചില്‍ .......ഊരിവച്ച മാല, കണ്ണട ,ചീര്‍പ്പ് , കണ്ടില്ലെങ്കില്‍ ... ലോകത്തെ മുഴുവന്‍ ശപിക്കുന്ന കരച്ചിലിന്റെ വക്കില്‍ എത്തുന്ന പരാതികള്‍ .... പിന്നീടുള്ള ഓട്ടം ഓഫീസി ലേയ്ക്ക് .......... മിക്കവാറും എടുക്കാന്‍ മറന്ന ഫോണ്‍ ... താക്കോല്‍ ..... പേഴ്സ് .... എന്നിവയ്ക്കായി ... തിരിച്ചുള്ള ഓട്ടവും... പിന്നെ ആറു മണിവരെ ഉള്ള അമ്മയെ എനിക്കറിയില്ല ല്ലോ ........ തിരിച്ചു വരുമ്പോള്‍... വെളുത്ത പ്ലാസ്റ്റിക്‌ കവറിന്റെ ഭാരം കാണും കയ്യില്‍ ...... ഇടയ്ക്കുള്ള ഫോണ്‍ വിളിയില്‍... എന്ത് വേണം... മുളക് ബ‍ജി ,പരിപ്പുവട ,ഉഴുന്നുവട .....ഏതെന്നു ഉറപ്പിച്ചു കാണും ......അടുത്ത ദിവസത്തേയ്ക്കുള്ള കൂട്ടാനും ...മീനും അമ്മ മനസ്സില്‍ തയ്യാറാക്കി കാണും .......

വളരെ രസകരമായി അവളെന്നെ അവതരിപ്പിച്ചിരുന്നത് ഇങ്ങിനെ ഒക്കെ ആയിരുന്നു ..........

" അപ്പൊ നീ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് അല്ലെ ........ ഈ പറഞ്ഞപോലെ ,വാരി വലിച്ച്ണോ എഴുതിയത് ..... "

" ഹേയ്യ് ........നല്ല ഭാഷയില്‍ തന്നെയാ എഴുതിയത് ...... ഇത് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ ഇങ്ങിനെ ആയി പോയി എന്നെ ഉള്ളു .... "

" പിന്നെ..... ഇത്രേ ഉള്ളോ ? കഥ എന്തായി ......."

അങ്ങിനെ ഒരു ദിവസത്തെ ഓട്ടം ...... ഇത് പോലെ ഓടി .... അന്നും അമ്മ വൈകി ..... പോകുന്ന പോക്കില്‍ ..വഴിയോരത്ത് ആള്‍കൂട്ടം....... പോലീസ് ജീപ്പ് .... അമ്മ പോകുന്ന ഓട്ടോ റിക്ഷക്കാരന്‍ ആൾ കൂട്ടത്തിലേയ്ക്കി 

ഒരു പാളി നോക്കി ...... 'ആക്സിഡന്റ് ആണെന്ന് തോന്നുന്നു' ........ ആള്‍കൂട്ടത്തിനിടയില്‍ ചോര തുള്ളികള്‍ കണ്ടു ....... ഒന്ന് കണ്ണടച്ച് പോയി ....... ഓഫീസ് തുറക്കാനുള്ള താക്കോൽ കൂട്ടത്തില്‍ അമര്‍ത്തി പിടിച്ചു ..... സമയം തെറ്റാതെ ഓഫീസിൽ എത്തിയ സന്തോഷത്തോടെ ഓഫീസ് തുറന്നു .... പിറകെ ഓടികിതച്ചു വരുന്ന പ്യൂണ്‍ പറഞ്ഞു .....അയാള്‍ കരയുന്നുണ്ടായിരുന്നു ...... മാഡം....മാഡത്തിന്റെ മോള്‍ ..... അവിടെ .............

കഥ കേട്ട് ഞെട്ടി തരിച്ചു പോയ ഞാന്‍ ....... ആഞ്ഞു ഒരുഅടി കൊടുത്തു അവളുടെ കവിളില്‍ ........... പൊട്ടിക്കരഞ്ഞു ഞാന്‍ നിലത്തിരുന്നു ........

എന്റെ ഈ പ്രതികരണം പ്രതീക്ഷിക്കാതെ അവള്‍ കവിള്‍ തടവി....

" അമ്മെ....... കഥയല്ലേ അമ്മെ ......ഇത് അമ്മയോ ഞാനോ അല്ല ......... മറ്റേതോ അമ്മയും മോളും..... "

" എങ്കില്‍ നീ പിന്നെ എന്തിനാ തുടക്കം മുതല്‍ എന്നെ മനസ്സില്‍ ഓര്‍ത്തത്‌ ? .... "

" അത് അമ്മെ .....ഞാന്‍ ഒരമ്മ അല്ലാ ല്ലോ എനിക്ക് അമ്മയെ മനസ്സില്‍ ഓര്‍ത്താല്‍ അല്ലെ അമ്മ ആവാന്‍ പറ്റു ...ഈ അമ്മേടെ ഒരു കാര്യം.... "

അവള്‍ എന്നെ കെട്ടിപിടിച്ചു കുറെ ഉമ്മ തന്നു .... " വാടി അമ്മെ ....... ഉണ്ടക്കണ്ണി ...... എണിറ്റു എനിക്ക് കാപ്പി താ "

അറംപറ്റല്‍ എന്നൊക്കെ ഉള്ള അന്ധ വിശ്വാസം ........ വല്ലാതെ മനസ്സിനെ അലട്ടി ..........ഉള്ളിലെ അളവറിയാത്ത പിടച്ചില്‍....... ഞാന്‍ ഉരുകി.... എന്റെ ലോകം അതിനെ ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു

..........

മധുരം ....

ചൂട് പിടിച്ച ഒരു ഞായറാഴ്ചയിലെ ഉച്ച....

" ഫ്രിഡ്ജ്‌ -ല്‍ തണുത്ത വെള്ളമുണ്ടോ "

" ഇല്ലാ ..."

" തണുത്തത്‌ എന്തെങ്കിലും ഉണ്ടോ ? "

"ഒന്നും ഇല്ല "

"എന്നാല്‍ നീ എന്നെ ഒന്ന് പുറത്തു വിടുമോ ?

ഞാന്‍ ഒരു തണുത്ത ബിയര്‍ കഴിച്ചു വരട്ടെ ? "

" വേണ്ടാ.... "

"വല്ലാത്ത കഷ്ടാ സ്വീ... ഇത് .... നീ എന്നെ ഇങ്ങിനെ പീഡിപ്പിക്കല്ലേ ..."

"എന്നാല്‍ ഞാന്‍ ഇച്ചിരി പഞ്ചസാര വെള്ളം തരട്ടെ ... ഉള്ളി ഇട്ട പഞ്ചസാര വെള്ളം.. ..." .

"... ഹാ എന്നാല്‍ താ... "

വെള്ളം ഫ്രിഡ്ജ്‌ ല്‍ വച്ച് ഇളം തണുപ്പില്‍ കുറച്ചു പഞ്ചസാര ഇട്ടു അതില്‍ ചെറിയ ഉള്ളി ചെറുതായി മുറിച്ചിട്ട് എടുക്കുമ്പോള്‍..... കുറെ കുറെ കാര്യങ്ങള്‍ മനസ്സില്‍ വന്നു.... പഞ്ചസാര വെള്ളം പോലെ മധുരമായ ഓര്‍മ്മകള്‍...

എല്ലാവരുടെയും.. അന്ഗീകരതോടെ നടന്ന പ്രേമ വിവാഹം... ... രാത്രി 12 മണിക്ക് തിരക്കുള്ള KSRTC ബസ്‌ യാത്രയില്‍ തുടങ്ങിയ ജീവിത യാത്ര.... പുലര്‍ച്ചയില്‍ വടകര ബസ്‌ സ്റ്റാന്‍ഡില്‍... വണ്ടി ഇറങ്ങി... ''തിരുവള്ളൂര്‍ ലേയ്ക്ക്'' ഒപ്പമുള്ള മോഹന്റെ സഹോദരി ഭര്‍ത്താവു ടാക്സി പിടിച്ചു .... പച്ച പടര്‍പ്പുകളെ പിന്‍ തള്ളി കൊണ്ട് മുന്നോട്ട്... ഒറ്റവരിയുള്ള റോഡിലൂടെ ഉള്ള യാത്ര.... ഇപ്പോഴും എനിക്ക് കൌതുകം ആണ്....

മോഹന്റെ അമ്മ താലവും വിളക്കുമായി എന്നെ സ്വീകരിച്ചു.... ആ മുഖത്തു ആദ്യമായി ഇതിനു മുന്‍പ് ഒരിക്കല്‍ കണ്ടതിലും.. സന്തോഷം തോന്നിയിരുന്നു.... നീണ്ട വലിയ വരാന്തയും .... വലിയ തൂണുകളും ഉള്ള ആ വീട് സിനിമികളില്‍ കാണുന്ന വീടുകളെ ഓര്‍മ്മിപ്പിച്ചു .... മുറ്റത്തു മന്ദാരവും... ഒരു സൈഡ് ഇല്‍ നിറയെ പാരിജാതവും .... വെളുത്ത പനിനീര്‍ പൂക്കളും... കുലയായി നില്‍ക്കുന്നു..... മാവുകള്‍ തെങ്ങുകള്‍..... മനസ്സില്‍ വല്ലാത്തൊരു തണുപ്പ് .... കൂടെ ഉറക്ക ക്ഷീണവും.... 'തെക്കേ അകത്തു' .. കിടക്കയിലേയ്ക്ക് വീഴുകയായിരുന്നു....

ഒന്ന് ഉറങ്ങി..... കണ്ണ് മിഴിച്ചു നോക്കുമ്പോള്‍... ആരൊക്കയോ മുറിയുടെ വാതില്‍ ഒളിഞ്ഞു നോക്കുന്നു.... ഞാന്‍ ഞെട്ടി എണീറ്റു... "ഉമ്മച്ചിമാര്‍... എല്ലാവരും നിന്നെ കാണാന്‍ വന്നിരിക്കുന്നവര്‍ ആണ്....." എന്ന് പറഞ്ഞു മണിഏച്ചി (ബാലാമണി ഏച്ചി )... ഞാന്‍ നാണിച്ചു നിന്നു... "ഞ്ഞി ങ്ങ് .. ബാ.. ഞാളൊക്കെ ബ്ടെക്കെ ഒള്ളോരാന്യാ" മുറിക്കു വെളിയില്‍ ഇറങ്ങിയപ്പോള്‍ ആണ് കണ്ടത് ... സ്ത്രീകളുടെ വലിയൊരു ജനാവലി തന്നെ ഉണ്ടായിരുന്നു എന്നെ കാണാന്‍... എല്ലാവരുടെയും മുഖത്ത് ഉള്ള ചിരി... എന്നെ വല്ലാതെ സന്തോഷിപ്പിച്ചു .... "ന്‍റെ പേരെന്താ ? " എന്റെ പേര് പറയാന്‍ ഞാന്‍ ഒന്ന് മടിച്ചു ... അപ്പോഴേയ്ക്കും ഏച്ചി .. ഇടപെട്ടു ' സ്വീറ്റി " ... എന്ത് പേരിത് എന്നാ ഭാവം എല്ലാരുടെയും മുഖത്ത് കണ്ടതോടെ എന്റെ സന്തോഷമൊക്കെ പൊയീ ... ''സീടി ... ന്നാ മ്മക്ക് ഇവളെ സീതേ ന്നു വിളിക്കാം... '' ഒരു കാലു മുടന്തി ഒരു സ്ത്രീ അപ്പോളേയ്ക്കും എന്റെ രക്ഷയ്ക്കെത്തി... "ഓളെ മ്മക്ക് സാവിത്രി ന്നു വിളിക്കാം..." അതായിരുന്നു ജാനു .... "ഞ്ഞി പോയി കുളിച്ചുകുപ്പായൊക്കെ ഒക്കെ മാറി വാ..." ...... സാവിത്രി എന്ന് ആരും വിളിച്ചില്ല.... മോഹന്റെ വിളിപ്പേര് മോമന്‍ ... അങ്ങിനെ ഞാന്‍ "മോമന്റെ ഓള്‍" ആയീ....

നല്ല തണുത്ത കിണര്‍ വെള്ളത്തിലുള്ള കുളി... ചൂടോടെ ഉള്ള പലഹാരം ... എന്റെ പിറകെ നടക്കുന്ന ഏച്ചിമാര്‍... ഇളയമ്മമാര്‍, എന്നെ തന്നെ നോക്കി ഇരിക്കുന്ന ഞാന്‍ നോക്കുമ്പോള്‍ അമ്മമാരുടെ സാരിക്കുള്ളില്‍ ഒളിക്കുന്ന കുഞ്ഞു മക്കള്‍.. എല്ലാം മനസ്സിന് സമാധാനം തരുന്ന കാഴ്ചകള്‍ ... പാല് വളരെ കുറഞ്ഞ ചായ... അതായിരുന്നു ആകപ്പാടെ ഉള്ള സങ്കടം.... അടക്കം പറഞ്ഞു എന്നെ നോക്കി ചിരിക്കുന്ന സ്ത്രീജനങ്ങള്‍.. വന്നു കൊണ്ടേ ഇരുന്നു.. ഏച്ചി പറഞ്ഞു.. " ഞ്ഞി സാരി ഉടുത്തു വാ ആ മാലയും വളയുമൊക്കെ എടുത്തു ഇട്ടോ .. " പെട്ടിയില്‍ നിന്നും ഒരു നീല സാരി എടുത്തു ചുറ്റി നോക്കി.. ... " സാരി ഉടുക്കാന്‍ അറിയില്ല ല്ലേ " എന്ന് പറഞ്ഞു ഏച്ചി ഉടുക്കാന്‍ സഹായിച്ചു .... രണ്ടു മാലകളും.. നാലഞ്ചു വളകളും ആയിരുന്നു ആകെ ഉണ്ടായിരുന്നത് .. അത് തന്നെ അച്ഛന്‍ കുറെ കഷ്ടപ്പെട്ട് വാങ്ങി തന്നത് ആയിരുന്നു..... അതെടുത്തു ഇടുമ്പോള്‍ അച്ഛനെയും അമ്മയെയും ഓര്‍ത്തു .... ഒരു പൊട്ടു എങ്കിലും തൊട്ടു നടക്കു മോളെ എന്ന് അമ്മ ഇപ്പോഴും പറയുമായിരുന്നു... മറ്റുള്ള പെണ്‍കുട്ടികളെ പോലെ കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ടു മുടിയോകെ ഒന്ന് വൃത്തിയില്‍ കെട്ടി നടന്നാല്‍ എന്താ ഈ കൊച്ചിന് എന്ന് അച്ഛന്‍ പലപ്പോഴും പരാതി പറയുന്നത് കേള്‍ക്കാം... അമ്മയോട്... ഓരോ പിള്ളേര്‍ നടക്കുന്നത് കാണുമ്പോള്‍ കൊതി വരും.. ഇതെന്താ ഇങ്ങെനെ ഒരു ജന്മം ?? അച്ഛന്റെ സ്ഥിരം പല്ലവി.... ഇപ്പൊ ഞാന്‍ ഈ ഒരുങ്ങി ഇരിക്കുന്നത് കാണാന്‍ അവര്‍ എപ്പോഴാ എത്തുക ആവോ ... ഇന്ന് അവര്‍ വരും.. ഇവടെ ഒരു പാര്‍ട്ടി ഉണ്ട് എന്നൊക്കെ ആണ് പറഞ്ഞിരുന്നത്... നീല സാരി ഉടുത്തു ഒരുങ്ങിയ എന്നെ കണ്ടു മോഹന്‍ ഒന്ന് കണ്ണ് മിഴിച്ചു ... 'എടേയ്‌ നിന്നെ കാണാന്‍ ഇപ്പൊ നല്ല ഭംഗി ഉണ്ട് .... ' ചെവിയില്‍ വന്നു മന്ദ്രിച്ചിട്ടു പൊയീ...

ഉച്ച ആയപ്പോള്‍ അമ്മയും... അച്ഛനും.. അമ്മൂമ്മയും .. അച്ഛന്റെ ഒരു കൂട്ടുകാരനും .. ഭാര്യയും.. വന്നു വൈകുന്നേരം മടങ്ങി പോയി... അമ്മ കുറെ നേരം എന്റെ കൈ പിടിച്ചു കരഞ്ഞു..... എന്തിനെന്ന് എനിയ്ക്ക് അപ്പോൾ മനസിലായില്ല...

പിന്നെ കുറെ ദിവസങ്ങള്‍.. അവിടെ . ...... മോഹന്റെ അച്ഛന്‍ വരുമ്പോള്‍.. മുട്ട പപ്സ് ഉം മിട്ടായിയും കൊണ്ട് വരും... ലോലി പോപ്‌ , കുട്ടികള്‍ക്കും എനിക്കും... കണക്കാക്കി കൊണ്ട് വന്നപ്പോള്‍ ഒരു നാണക്കേട്‌ പോലെ..... ഓരോ ദിവസങ്ങളും.. ബന്ധു വീടുകളില്‍ ഉള്ള കറക്കം .. അതൊരു നല്ല അനുഭവം ആയിരുന്നു...... അടുത്തടുത്തുള്ള വീടുകളില്‍ നടന്നു പോകും.. നാട്ടു വഴികളില്‍ കൂടെ ഉള്ള നടത്തം..... അപ്രതീക്ഷിതം ആയി ചെല്ലുന്ന അതിഥികള്‍ ആണ് മിക്കവാറും ഞങ്ങള്‍... ഞങ്ങളെ കാണുമ്പോള്‍.. അപ്പൊ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ശബ്ദം കേള്‍ക്കാം.... തണുത്ത ആ കിണര്‍ വെള്ളത്തില്‍.. പഞ്ചസാര കലക്കി നാലഞ്ചു ചുവന്നുള്ളി ചെറുതായി മുറിച്ചിട്ട്.. ഗ്ലാസില്‍ കൊണ്ട് വന്നു തരും... ആദ്യമായി കുടിച്ചപ്പോള്‍ ഞാന്‍ ഒന്ന് മടിച്ചു... ഉള്ളി മേല്‍ ചുണ്ട് കൊണ്ട് തടഞ്ഞു നിറുത്തി... കഷ്ടപ്പെട്ട് ഞാന്‍ വെള്ളം കുടിച്ചു ... പിന്നെ പിന്നെ എനിക്ക് ഇഷ്ടമായി തുടങ്ങി ... ചില വീടുകളില്‍..ചൂട് വെള്ളത്തില്‍ ഹോര്‍ലിക്ക്സ് കലക്കിയ വെള്ളം ആവും തരിക... എന്ത് തന്നെ ആയാലും. പാല്‍ കുറഞ്ഞ ചായ കുടിക്കാന്‍ മാത്രം എനിക്ക് സങ്കടം ആയിരുന്നു..... ചില യിടങ്ങളില്‍ കോഴി കറി യും ചോറും .. വിഭവ സമൃദ്ധം ആയിരുന്നു ഭക്ഷണം.. ചില ബന്ധു വീടുകളില്‍ അച്ചനും അമ്മയും കൂടെ വരും... ഭാഷ വലിയൊരു പ്രശ്നം ആയിരുന്നു.... ചോദിക്കുന്ന പലതിനും ഞാന്‍ കണ്ണ് മിഴിച്ചു നില്‍ക്കുമ്പോള്‍ മോഹന്‍ മറുപടി കൊടുക്കും.... "മ്മളെ ഭാഷ ഒക്ക് തെരിയ്ണ്ടാവില്ല ...." എന്ന് പറഞ്ഞത് എനിക്ക് മനസിലായി... കറുമൂസ് എന്നത് പപ്പായ ആണെന്നും... കോണിക്കല്‍ എന്നാല്‍ റോഡില്‍ നിന്നും മുറ്റത്തേയ്ക്ക് ഉള്ള സ്റ്റെപ് ആണെന്നും...ആല എന്നാല്‍ തൊഴുത്ത് .. ചെമ്പ് എന്നാല്‍... കലം (ചെമ്പ് പാത്രം അല്ല... ) ചായ ചെമ്പ് .. അരി ചെമ്പ് .. എന്നൊക്കെ പറയും.. കുടുക്ക എന്നാല്‍ ചട്ടീ... മീന്‍ കുടുക്ക ... മീന്‍ ചട്ടി ... ഞ്ഞി .. നീ... ഓള് .. അവള്‍..ങ്ങള്‍ നിങ്ങള്‍... അങ്ങിനെ കുറെ കുറെ പഠിച്ചു ....

പത്തു പതിനഞ്ചു ദിവസം കൊണ്ട് പടിപ്പു പൂര്‍ത്തി ആയില്ല... രാത്രികളില്‍ പറന്നു നടക്കുന്ന മിന്നാമിനുങ്ങിനും .. കത്തുന്ന ബള്‍ബിനും ഒരേ വെളിച്ചമായിരുന്നു... അതും ചില ദിവസങ്ങളില്‍ ഉണ്ടാവില്ല.. . ചീവിടിന്റെ കരച്ചിലും... ചില പക്ഷികളുടെ കുറുകലും രാത്രികളെ പലപ്പോഴും .. പേടി ഉള്ളതാക്കി... എങ്കിലും .. ഫാന്‍ ഇല്ലാതെ .. കൊതുക് നിവാരണ ഉപകരണങ്ങള്‍ ഒന്നും ഇല്ലാതെ ഉറങ്ങാന്‍ പറ്റുക എന്നെത് എനിക്ക് അത്ഭുത കാര്യം തന്നെ ആയിരുന്നു ... പത്തു പതിനഞ്ചു ദിവസം കഴിഞ്ഞു എറണാകുളതെയ്ക്കുള്ള മടക്കം വല്ലാതെ വേദനിച്ചായിരുന്നു ......