ചൂട് പിടിച്ച ഒരു ഞായറാഴ്ചയിലെ ഉച്ച....
" ഫ്രിഡ്ജ് -ല്‍ തണുത്ത വെള്ളമുണ്ടോ "
" ഇല്ലാ ..."
" തണുത്തത് എന്തെങ്കിലും ഉണ്ടോ ? "
"ഒന്നും ഇല്ല "
"എന്നാല്‍ നീ എന്നെ ഒന്ന് പുറത്തു വിടുമോ ?
ഞാന്‍ ഒരു തണുത്ത ബിയര്‍ കഴിച്ചു വരട്ടെ ? "
" വേണ്ടാ.... "
"വല്ലാത്ത കഷ്ടാ സ്വീ... ഇത് .... നീ എന്നെ ഇങ്ങിനെ പീഡിപ്പിക്കല്ലേ ..."
"എന്നാല്‍ ഞാന്‍ ഇച്ചിരി പഞ്ചസാര വെള്ളം തരട്ടെ ... ഉള്ളി ഇട്ട പഞ്ചസാര വെള്ളം.. ..." .
"... ഹാ എന്നാല്‍ താ... "
വെള്ളം ഫ്രിഡ്ജ് ല്‍ വച്ച് ഇളം തണുപ്പില്‍ കുറച്ചു പഞ്ചസാര ഇട്ടു അതില്‍ ചെറിയ ഉള്ളി ചെറുതായി മുറിച്ചിട്ട് എടുക്കുമ്പോള്‍..... കുറെ കുറെ കാര്യങ്ങള്‍ മനസ്സില്‍ വന്നു.... പഞ്ചസാര വെള്ളം പോലെ മധുരമായ ഓര്‍മ്മകള്‍...
എല്ലാവരുടെയും.. അന്ഗീകരതോടെ നടന്ന പ്രേമ വിവാഹം... ... രാത്രി 12 മണിക്ക് തിരക്കുള്ള KSRTC ബസ് യാത്രയില്‍ തുടങ്ങിയ ജീവിത യാത്ര.... പുലര്‍ച്ചയില്‍ വടകര ബസ് സ്റ്റാന്‍ഡില്‍... വണ്ടി ഇറങ്ങി... ''തിരുവള്ളൂര്‍ ലേയ്ക്ക്'' ഒപ്പമുള്ള മോഹന്റെ സഹോദരി ഭര്‍ത്താവു ടാക്സി പിടിച്ചു .... പച്ച പടര്‍പ്പുകളെ പിന്‍ തള്ളി കൊണ്ട് മുന്നോട്ട്... ഒറ്റവരിയുള്ള റോഡിലൂടെ ഉള്ള യാത്ര.... ഇപ്പോഴും എനിക്ക് കൌതുകം ആണ്....
മോഹന്റെ അമ്മ താലവും വിളക്കുമായി എന്നെ സ്വീകരിച്ചു.... ആ മുഖത്തു ആദ്യമായി ഇതിനു മുന്‍പ് ഒരിക്കല്‍ കണ്ടതിലും.. സന്തോഷം തോന്നിയിരുന്നു.... നീണ്ട വലിയ വരാന്തയും .... വലിയ തൂണുകളും ഉള്ള ആ വീട് സിനിമികളില്‍ കാണുന്ന വീടുകളെ ഓര്‍മ്മിപ്പിച്ചു .... മുറ്റത്തു മന്ദാരവും... ഒരു സൈഡ് ഇല്‍ നിറയെ പാരിജാതവും .... വെളുത്ത പനിനീര്‍ പൂക്കളും... കുലയായി നില്‍ക്കുന്നു..... മാവുകള്‍ തെങ്ങുകള്‍..... മനസ്സില്‍ വല്ലാത്തൊരു തണുപ്പ് .... കൂടെ ഉറക്ക ക്ഷീണവും.... 'തെക്കേ അകത്തു' .. കിടക്കയിലേയ്ക്ക് വീഴുകയായിരുന്നു....
ഒന്ന് ഉറങ്ങി..... കണ്ണ് മിഴിച്ചു നോക്കുമ്പോള്‍... ആരൊക്കയോ മുറിയുടെ വാതില്‍ ഒളിഞ്ഞു നോക്കുന്നു.... ഞാന്‍ ഞെട്ടി എണീറ്റു... "ഉമ്മച്ചിമാര്‍... എല്ലാവരും നിന്നെ കാണാന്‍ വന്നിരിക്കുന്നവര്‍ ആണ്....." എന്ന് പറഞ്ഞു മണിഏച്ചി (ബാലാമണി ഏച്ചി )... ഞാന്‍ നാണിച്ചു നിന്നു... "ഞ്ഞി ങ്ങ് .. ബാ.. ഞാളൊക്കെ ബ്ടെക്കെ ഒള്ളോരാന്യാ" മുറിക്കു വെളിയില്‍ ഇറങ്ങിയപ്പോള്‍ ആണ് കണ്ടത് ... സ്ത്രീകളുടെ വലിയൊരു ജനാവലി തന്നെ ഉണ്ടായിരുന്നു എന്നെ കാണാന്‍... എല്ലാവരുടെയും മുഖത്ത് ഉള്ള ചിരി... എന്നെ വല്ലാതെ സന്തോഷിപ്പിച്ചു .... "ന്‍റെ പേരെന്താ ? " എന്റെ പേര് പറയാന്‍ ഞാന്‍ ഒന്ന് മടിച്ചു ... അപ്പോഴേയ്ക്കും ഏച്ചി .. ഇടപെട്ടു ' സ്വീറ്റി " ... എന്ത് പേരിത് എന്നാ ഭാവം എല്ലാരുടെയും മുഖത്ത് കണ്ടതോടെ എന്റെ സന്തോഷമൊക്കെ പൊയീ ... ''സീടി ... ന്നാ മ്മക്ക് ഇവളെ സീതേ ന്നു വിളിക്കാം... '' ഒരു കാലു മുടന്തി ഒരു സ്ത്രീ അപ്പോളേയ്ക്കും എന്റെ രക്ഷയ്ക്കെത്തി... "ഓളെ മ്മക്ക് സാവിത്രി ന്നു വിളിക്കാം..." അതായിരുന്നു ജാനു .... "ഞ്ഞി പോയി കുളിച്ചുകുപ്പായൊക്കെ ഒക്കെ മാറി വാ..." ...... സാവിത്രി എന്ന് ആരും വിളിച്ചില്ല.... മോഹന്റെ വിളിപ്പേര് മോമന്‍ ... അങ്ങിനെ ഞാന്‍ "മോമന്റെ ഓള്‍" ആയീ....
നല്ല തണുത്ത കിണര്‍ വെള്ളത്തിലുള്ള കുളി... ചൂടോടെ ഉള്ള പലഹാരം ... എന്റെ പിറകെ നടക്കുന്ന ഏച്ചിമാര്‍... ഇളയമ്മമാര്‍, എന്നെ തന്നെ നോക്കി ഇരിക്കുന്ന ഞാന്‍ നോക്കുമ്പോള്‍ അമ്മമാരുടെ സാരിക്കുള്ളില്‍ ഒളിക്കുന്ന കുഞ്ഞു മക്കള്‍.. എല്ലാം മനസ്സിന് സമാധാനം തരുന്ന കാഴ്ചകള്‍ ... പാല് വളരെ കുറഞ്ഞ ചായ... അതായിരുന്നു ആകപ്പാടെ ഉള്ള സങ്കടം.... അടക്കം പറഞ്ഞു എന്നെ നോക്കി ചിരിക്കുന്ന സ്ത്രീജനങ്ങള്‍.. വന്നു കൊണ്ടേ ഇരുന്നു.. ഏച്ചി പറഞ്ഞു.. " ഞ്ഞി സാരി ഉടുത്തു വാ ആ മാലയും വളയുമൊക്കെ എടുത്തു ഇട്ടോ .. " പെട്ടിയില്‍ നിന്നും ഒരു നീല സാരി എടുത്തു ചുറ്റി നോക്കി.. ... " സാരി ഉടുക്കാന്‍ അറിയില്ല ല്ലേ " എന്ന് പറഞ്ഞു ഏച്ചി ഉടുക്കാന്‍ സഹായിച്ചു .... രണ്ടു മാലകളും.. നാലഞ്ചു വളകളും ആയിരുന്നു ആകെ ഉണ്ടായിരുന്നത് .. അത് തന്നെ അച്ഛന്‍ കുറെ കഷ്ടപ്പെട്ട് വാങ്ങി തന്നത് ആയിരുന്നു..... അതെടുത്തു ഇടുമ്പോള്‍ അച്ഛനെയും അമ്മയെയും ഓര്‍ത്തു .... ഒരു പൊട്ടു എങ്കിലും തൊട്ടു നടക്കു മോളെ എന്ന് അമ്മ ഇപ്പോഴും പറയുമായിരുന്നു... മറ്റുള്ള പെണ്‍കുട്ടികളെ പോലെ കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ടു മുടിയോകെ ഒന്ന് വൃത്തിയില്‍ കെട്ടി നടന്നാല്‍ എന്താ ഈ കൊച്ചിന് എന്ന് അച്ഛന്‍ പലപ്പോഴും പരാതി പറയുന്നത് കേള്‍ക്കാം... അമ്മയോട്... ഓരോ പിള്ളേര്‍ നടക്കുന്നത് കാണുമ്പോള്‍ കൊതി വരും.. ഇതെന്താ ഇങ്ങെനെ ഒരു ജന്മം ?? അച്ഛന്റെ സ്ഥിരം പല്ലവി.... ഇപ്പൊ ഞാന്‍ ഈ ഒരുങ്ങി ഇരിക്കുന്നത് കാണാന്‍ അവര്‍ എപ്പോഴാ എത്തുക ആവോ ... ഇന്ന് അവര്‍ വരും.. ഇവടെ ഒരു പാര്‍ട്ടി ഉണ്ട് എന്നൊക്കെ ആണ് പറഞ്ഞിരുന്നത്... നീല സാരി ഉടുത്തു ഒരുങ്ങിയ എന്നെ കണ്ടു മോഹന്‍ ഒന്ന് കണ്ണ് മിഴിച്ചു ... 'എടേയ് നിന്നെ കാണാന്‍ ഇപ്പൊ നല്ല ഭംഗി ഉണ്ട് .... ' ചെവിയില്‍ വന്നു മന്ദ്രിച്ചിട്ടു പൊയീ...
ഉച്ച ആയപ്പോള്‍ അമ്മയും... അച്ഛനും.. അമ്മൂമ്മയും .. അച്ഛന്റെ ഒരു കൂട്ടുകാരനും .. ഭാര്യയും.. വന്നു വൈകുന്നേരം മടങ്ങി പോയി... അമ്മ കുറെ നേരം എന്റെ കൈ പിടിച്ചു കരഞ്ഞു..... എന്തിനെന്ന് എനിയ്ക്ക് അപ്പോൾ മനസിലായില്ല...
പിന്നെ കുറെ ദിവസങ്ങള്‍.. അവിടെ . ...... മോഹന്റെ അച്ഛന്‍ വരുമ്പോള്‍.. മുട്ട പപ്സ് ഉം മിട്ടായിയും കൊണ്ട് വരും... ലോലി പോപ് , കുട്ടികള്‍ക്കും എനിക്കും... കണക്കാക്കി കൊണ്ട് വന്നപ്പോള്‍ ഒരു നാണക്കേട് പോലെ..... ഓരോ ദിവസങ്ങളും.. ബന്ധു വീടുകളില്‍ ഉള്ള കറക്കം .. അതൊരു നല്ല അനുഭവം ആയിരുന്നു...... അടുത്തടുത്തുള്ള വീടുകളില്‍ നടന്നു പോകും.. നാട്ടു വഴികളില്‍ കൂടെ ഉള്ള നടത്തം..... അപ്രതീക്ഷിതം ആയി ചെല്ലുന്ന അതിഥികള്‍ ആണ് മിക്കവാറും ഞങ്ങള്‍... ഞങ്ങളെ കാണുമ്പോള്‍.. അപ്പൊ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ശബ്ദം കേള്‍ക്കാം.... തണുത്ത ആ കിണര്‍ വെള്ളത്തില്‍.. പഞ്ചസാര കലക്കി നാലഞ്ചു ചുവന്നുള്ളി ചെറുതായി മുറിച്ചിട്ട്.. ഗ്ലാസില്‍ കൊണ്ട് വന്നു തരും... ആദ്യമായി കുടിച്ചപ്പോള്‍ ഞാന്‍ ഒന്ന് മടിച്ചു... ഉള്ളി മേല്‍ ചുണ്ട് കൊണ്ട് തടഞ്ഞു നിറുത്തി... കഷ്ടപ്പെട്ട് ഞാന്‍ വെള്ളം കുടിച്ചു ... പിന്നെ പിന്നെ എനിക്ക് ഇഷ്ടമായി തുടങ്ങി ... ചില വീടുകളില്‍..ചൂട് വെള്ളത്തില്‍ ഹോര്‍ലിക്ക്സ് കലക്കിയ വെള്ളം ആവും തരിക... എന്ത് തന്നെ ആയാലും. പാല്‍ കുറഞ്ഞ ചായ കുടിക്കാന്‍ മാത്രം എനിക്ക് സങ്കടം ആയിരുന്നു..... ചില യിടങ്ങളില്‍ കോഴി കറി യും ചോറും .. വിഭവ സമൃദ്ധം ആയിരുന്നു ഭക്ഷണം.. ചില ബന്ധു വീടുകളില്‍ അച്ചനും അമ്മയും കൂടെ വരും... ഭാഷ വലിയൊരു പ്രശ്നം ആയിരുന്നു.... ചോദിക്കുന്ന പലതിനും ഞാന്‍ കണ്ണ് മിഴിച്ചു നില്‍ക്കുമ്പോള്‍ മോഹന്‍ മറുപടി കൊടുക്കും.... "മ്മളെ ഭാഷ ഒക്ക് തെരിയ്ണ്ടാവില്ല ...." എന്ന് പറഞ്ഞത് എനിക്ക് മനസിലായി... കറുമൂസ് എന്നത് പപ്പായ ആണെന്നും... കോണിക്കല്‍ എന്നാല്‍ റോഡില്‍ നിന്നും മുറ്റത്തേയ്ക്ക് ഉള്ള സ്റ്റെപ് ആണെന്നും...ആല എന്നാല്‍ തൊഴുത്ത് .. ചെമ്പ് എന്നാല്‍... കലം (ചെമ്പ് പാത്രം അല്ല... ) ചായ ചെമ്പ് .. അരി ചെമ്പ് .. എന്നൊക്കെ പറയും.. കുടുക്ക എന്നാല്‍ ചട്ടീ... മീന്‍ കുടുക്ക ... മീന്‍ ചട്ടി ... ഞ്ഞി .. നീ... ഓള് .. അവള്‍..ങ്ങള്‍ നിങ്ങള്‍... അങ്ങിനെ കുറെ കുറെ പഠിച്ചു ....
പത്തു പതിനഞ്ചു ദിവസം കൊണ്ട് പടിപ്പു പൂര്‍ത്തി ആയില്ല... രാത്രികളില്‍ പറന്നു നടക്കുന്ന മിന്നാമിനുങ്ങിനും .. കത്തുന്ന ബള്‍ബിനും ഒരേ വെളിച്ചമായിരുന്നു... അതും ചില ദിവസങ്ങളില്‍ ഉണ്ടാവില്ല.. . ചീവിടിന്റെ കരച്ചിലും... ചില പക്ഷികളുടെ കുറുകലും രാത്രികളെ പലപ്പോഴും .. പേടി ഉള്ളതാക്കി... എങ്കിലും .. ഫാന്‍ ഇല്ലാതെ .. കൊതുക് നിവാരണ ഉപകരണങ്ങള്‍ ഒന്നും ഇല്ലാതെ ഉറങ്ങാന്‍ പറ്റുക എന്നെത് എനിക്ക് അത്ഭുത കാര്യം തന്നെ ആയിരുന്നു ... പത്തു പതിനഞ്ചു ദിവസം കഴിഞ്ഞു എറണാകുളതെയ്ക്കുള്ള മടക്കം വല്ലാതെ വേദനിച്ചായിരുന്നു ......

No comments:
Post a Comment